മദ്ഹബ് എന്തിന്?



മദ്ഹബ് കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് കര്മശാസ്ത്രത്തിലെ മദ്ഹബുകൾ ആണ്. വിശുദ്ധ ഖുർആനിലും വിശ്വസനീയത തെളിയിക്കപ്പെട്ട ഹദീസുകളിലും വ്യക്തമായി പറഞ്ഞ കാര്യങ്ങൾ കർമശാസ്ത്ര സരണികളുടെ പരിധിക്കു പുറത്താണ്. ഉദാഹരണമായി ഹനഫി മദ്ഹബ് അനുസരിച്ചു നമസ്കാരം അഞ്ചു നേരമാണ് എന്ന് പറയാൻ പാടില്ല. മദ്ഹബുകൾ പ്രതിപാദിക്കുന്നത് ഖുർആനിലും ഹദീസുകളിലും വ്യക്തമായ നിർദേശങ്ങൾ ഇല്ലാത്ത കർമശാസ്ത്ര വിധികളെ കുറിച്ചാണ്.

പ്രവാചക കാലഘട്ടം:

പ്രവാചകൻ(സ) യുടെ ജീവിത കാലത്തു കര്മശാസ്ത്ര വിഷയങ്ങൾ, വിശ്വാസികൾ നേരിട്ട് പ്രവാചകനോട് ചോദിക്കുകയും ഉത്തരം കണ്ടെത്തുകയും ചെയ്തിരുന്നു. പ്രവാചകന്റെ വിയോഗത്തോടുകൂടി ഖുർആനും പ്രവാചകൻ പഠിപ്പിച്ച പ്രായോഗിക നിർദേശങ്ങളും ആയിരുന്നു ആദ്യകാല വിശ്വാസികളുടെ ആശ്രയം.

സഹാബാക്കളുടെ കാലഘട്ടം:

ഇസ്‌ലാമിലേക്ക് കൂടുതൽ ആളുകൾ വന്നു തുടങ്ങിയതും പുതിയ പ്രദേശങ്ങളിലേക്ക് ഇസ്‌ലാം വ്യാപിച്ചതോടും കൂടി നിത്യജീവിതത്തിൽ അഭിമുഖീകരിക്കുന്ന പുതിയ പുതിയ പ്രശ്നങ്ങൾക്ക് പ്രാമാണികമായ ഉത്തരങ്ങൾ വേണ്ടിവന്നു. സഹാബാക്കൾ ഖുർആനിന്റേയും പ്രവാചക അധ്യാപനങ്ങളുടേയും അടിസ്ഥാനത്തിൽ ഇവക്കു ഉത്തരങ്ങൾ കണ്ടെത്തി. ഇസ്‌ലാമിക വിജ്ഞാനത്തിന്റെ കാര്യത്തിലും അവയുടെ അടിസ്ഥാനത്തിൽ ഉത്തരങ്ങൾ കണ്ടെത്തുന്നതിലും ചില സഹാബാക്കൾ മറ്റുള്ളവരേക്കാൾ മികവ് കാണിക്കുകയും ഈ മേഖലയിൽ പ്രസിദ്ധി നേടുകയും ചെയ്തിരുന്നു.
എന്നാൽ പല ഉത്തരങ്ങളുടെ കാര്യത്തിലും സഹാബാക്കൾക്കിടയിൽ ഭിന്നമായ നിലപാടുകൾ ഉണ്ടായിരുന്നു. ഖുർആനും സുന്നത്തും വെച്ചുകൊണ്ട് പുതിയ ഉത്തരങ്ങൾ കണ്ടെത്തുന്ന രീതികൾ വ്യത്യസ്തമായിരുന്നത് ആയിരുന്നു ഇതിനു കാരണം. ചില സഹാബികൾ ഹദീസുകളെ കൂടുതൽ ആശ്രയിച്ചതും മദീനയിൽ നിന്നും ദൂരെയുള്ള പ്രദേശങ്ങളിൽ കുടിയേറിയവർ നേരിട്ട, വിശ്വസനീയമായ ഹദീസുകളുടെ ദൗർലഭ്യവും വ്യത്യസ്ത രീതികൾ അവലംബിക്കാൻ കാരണമായി.

എന്താണ് മദ്ഹബ്?

സഹാബാക്കൾക്കിടയിലെ സമീപനങ്ങളിലെ ഈ വ്യത്യാസങ്ങൾ അവരുടെ വിദ്യാർഥികളിലൂടെ അതാത് പ്രദേശങ്ങളിൽ കൂടുതൽ പ്രചാരം നേടി. ഈ കാലയളവിൽ കര്മശാസ്ത്ര വിധികൾ കണ്ടെത്തുന്നതിൽ വ്യുല്പത്തി നേടിയ ധാരാളം പണ്ഡിതന്മാർ ഉയർന്നുവന്നിരുന്നു. ഇവരിൽ പ്രമുഖരായ ചിലർ.

അബു ഹനീഫ (d150)
അബ്ദുൽ റഹ്‌മാൻ അൽ ഔസ്സായി (d. 157 AH)
സുഫിയാൻ അൽ തൗരി (d. 161 AH)
അൽ ലയിത്തു ഇബ്ൻ സാദ് (d. 175 AH)
മാലിക് ഇബ്ൻ അനസ് (179)
മുഹമ്മദ് ബിൻ ഇദ്രിസ് അൽ ശാഫി (204)
അഹ്മദ് ഇബ്ൻ ഹമ്പൽ (241)
അൽ ദാവൂദ് അൽ സ്സാഹിരി (d. 270 AH).
ഇബ്ൻ ജരീർ അൽ തബരി (d. 310 AH)

ഈ പണ്ഡിതന്മാരുടെ ഫത്‌വകളുടെ ക്രോഡീകരണം മാത്രമല്ല മദ്ഹബ്. ഒരു മദ്ഹബ് എന്ന് പറയുന്നത്, പ്രമാണങ്ങളിൽ നിന്നും കര്മശാസ്ത്ര വിധികൾ നിർദ്ധാരണം ചെയ്യാനുള്ള രീതികൾ കൂടിയാണ്. ഇവർ സ്വീകരിച്ച പ്രമാണങ്ങൾ ഈ പറയുന്നവയാണ്.

ഖുർആൻ, സുന്നത്തു , സഹാബാക്കളുടെ സമവായം, സഹാബാക്കളുടെ ഫത്‌വകൾ, മദീന വാസികളുടെ രീതികൾ, സമാന സാഹചര്യം, താബിഉകളുടെ ഫത്‌വകൾ, പണ്ഡിതലോകത്തിന്റെ സമവായം, നന്മ ഉദ്ദേശിച്ചുള്ള വിവേചനം (استحسان), നാട്ടുനടപ്പ്, ചീത്തയിലേക്കുള്ള മാർഗം തടയൽ, നന്മയിലേക്കുള്ള മാർഗം എളുപ്പമാക്കൽ.

ഈ വിഷയങ്ങളിലുള്ള ആഴമേറിയ പരിജ്ഞാനം കൂടാതെ അറബി ഭാഷാ പരിജ്ഞാനം കൂടി ഉൾപ്പെടുന്ന പാണ്ഡിത്യം, പ്രമാണങ്ങളിൽ നിന്നും ഫിഖ്ഹ് വിധികൾ നിർധാരണം ചെയ്യാൻ (ഇജ്തിഹാദ് ചെയ്യാൻ) ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. ഒരു പണ്ഡിതന്റെ രീതി സ്വീകരിച്ചുകൊണ്ടുള്ള വിധി ചിലപ്പോൾ മറ്റൊരു പണ്ഡിതന്റെ വിധിയിൽ നിന്നും വ്യത്യസ്തമാകുന്നത് മേൽ പറഞ്ഞ പ്രമാണങ്ങൾ ഉപയോഗിക്കുമ്പോൾ അവർ സ്വീകരിച്ച മുൻഗണനാ ക്രമങ്ങളിലെ വ്യത്യാസങ്ങൾ കാരണമാണ്. ഉദാഹരണമായി ഖുർആനിനും സുന്നത്തിനും ശേഷം ഹനഫി മദ്ഹബ് സമാന സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ മാലികി മദ്ഹബ് മദീന നിവാസികളുടെ രീതികൾക്ക് മുൻഗണന നൽകുന്നു. ഇത്തരം വ്യത്യാസങ്ങൾ ആണ് മദ്ഹബ് നിലപാടുകളിൽ വ്യത്യസ്തതകൾ സൃഷ്ടിക്കുന്നത്.

Image 1
എന്നിരുന്നാലും എല്ലാ പണ്ഡിതന്മാരും ഒന്നാമതായി ഖുർആനും രണ്ടാമതായി സുന്നത്തും സ്വീകരിക്കുന്നവർ ആയതുകൊണ്ട് അവർക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങൾ ശാഖാപരം മാത്രമാണെന്ന് കാണാം. ഏതാണ്ട് 95% വിധികളും അവർക്കിടയിൽ സമാനമാണ്.

മദ്ഹബുകൾ- അഭിപ്രായ വൈവിധ്യങ്ങളുടെ ശേഖരം.

ഗവേഷണങ്ങൾ മനുഷ്യ ബുദ്ധിയുടെ ഉത്പന്നമാണ്. അതുകൊണ്ടു തന്നെ വ്യത്യസ്ത മദ്ഹബിന്റെ നിലപാടുകളിൽ വൈവിധ്യങ്ങൾ ഉണ്ടായിരിക്കും. മദ്ഹബിനകത്തു നിന്നുകൊണ്ട് അതിന്റെ രീതീ ശാസ്ത്രം പിന്തുടർന്നുകൊണ്ടു ഇജ്തിഹാദ് നടത്തുന്ന പണ്ഡിതന്മാർക്കിടയിലും വ്യത്യസ്ത അഭിപ്രായങ്ങൾ സാധാരണമാണ്. ചുരുക്കത്തിൽ അഭിപ്രായ വൈവിധ്യങ്ങളുടെ പൂങ്കാവനങ്ങൾ ആണ് മദ്ഹബ് കര്മശാസ്ത്ര വിധികൾ. അഹ്‌ലുസുന്നയെ നിലപാടുകളുടെ തീവ്രതകളിൽ നിന്നും സംരക്ഷിച്ചു പോരുന്നത് ഫത്‌വകളോടുള്ള ഈ സമീപനങ്ങൾ ആണ്.

എന്തുകൊണ്ട് നാല് മദ്ഹബുകൾ മാത്രം നിലനിന്നു?

മുമ്പ് പരാമർശിച്ച പണ്ഡിതന്മാരെല്ലാം കര്മശാസ്ത്ര രീതികൾ ആവിഷ്കരിച്ചവർ ആയിരുന്നു. അവരിൽ പലരും പാണ്ഡിത്യത്തിലും ബുദ്ധിശക്തിയിലും ഉന്നതരായിരുന്നുവെങ്കിലും, അല്ലാഹുവിന്റെ തീരുമാനം ആയിരുന്നു അവയിൽ നാല് മദ്ഹബുകൾ മാത്രമേ കാലത്തെ അതിജീവിച്ചുള്ളൂ എന്നത്.
ഇന്ന് മുസ്ലിംകൾ പിന്തുടരുന്നതിൽ ഏകദേശം 55% ഹനഫി മദ്ഹബ് . 18% മാലികി മദ്ഹബ് , 20% ഷാഫി മദ്ഹബ്, 7% ഹമ്പലി മദ്ഹബ് എന്നാണു കണക്കാക്കപ്പെടുന്നത്.
മറ്റു മദ്ഹബുകൾ കാലഹരണപ്പെടാൻ പല കാരണങ്ങളും ഉണ്ടായിരുന്നു. ഒന്ന് ആ പണ്ഡിതന്മാരുടെ രചനകളും അധ്യാപനങ്ങളും വരും തലമുറകളിലേക്ക് കൈമാറാൻ പ്രാപ്തരായ വിദ്യാർത്ഥികൾ അവർക്കില്ലാതെ പോയി എന്നതാണ്. അങ്ങിനെ അവരുടെ അധ്യാപനങ്ങൾ അവർക്കുശേഷം കാലഹരണപ്പെട്ടു. മറ്റൊരു കാരണം ഏതെങ്കിലും ഭരണാധികാരികളുടെ പിന്തുണ അവർക്കു ലഭിച്ചില്ല എന്നതാണ്. മറ്റൊന്ന്, അവരുടെ അതേ രീതി അവലംബിച്ചുകൊണ്ടുള്ള മറ്റൊരു മദ്ഹബിൽ അവരുടെ അനുയായികളും ഇഴുകി ചേർന്നതാണ്.

സാധാരണ വിശ്വാസികളുടെ തഖ്ലീദ്:

തഖ്ലീദ് എന്നാൽ പണ്ഡിതാഭിപ്രായങ്ങളെ, അവയുടെ പ്രാമാണികമായ അടിസ്ഥാനം ബോധ്യപ്പെടാതെ തന്നെ സ്വീകരിക്കുക എന്നതാണ്. ഉദാഹരണമായി നമസ്കരിക്കുമ്പോൾ കൈകൾ ചേർത്തുകെട്ടണം എന്നതു. അങ്ങിനെ ചെയ്യാനുള്ള ആയത്തുകളോ ഹദീസുകളോ മറ്റു പ്രാമാണികമായ തെളിവുകളോ കാണാതെ തന്നെ ശാഫീ മദ്ഹബിൽ കൈ കെട്ടേണ്ടതുണ്ട് എന്നറിഞ്ഞതിന്റെ പേരിൽ പിന്തുടരുന്നത്. മുമ്പ് സൂചിപ്പിച്ചതു പോലെ, വിശുദ്ധ ഖുർആനിലും വിശ്വസനീയത തെളിയിക്കപ്പെട്ട ഹദീസുകളിലും വ്യക്തമായി പറഞ്ഞ കാര്യങ്ങൾ കർമശാസ്ത്ര സരണികളുടെ പരിധിക്കു പുറത്താണ്. അവയെല്ലാം അടിസ്ഥാന വിശ്വാസങ്ങളിലും കർമ്മങ്ങളിലും ഉൾപ്പെടുന്നു. ഇമാം റാസി (റ) പറയുന്നു.

"വ്യക്തമാക്കപ്പെട്ട, അറിഞ്ഞിരിക്കേണ്ടുന്ന നിർബന്ധ കാര്യങ്ങളിൽ, ഉദാഹരണമായി അഞ്ചുനേരത്തെ നമസ്കാരം അവയിലെ റക'അതുകളുടെ എണ്ണം തുടങ്ങിയവയിൽ തഖ്ലീദ് ചെയ്യൽ അനുവദനീയമല്ല."
**. "وأما الأمور الظاهرة التي يعلم وجوبها بالضرورة، كوجوب الصلوات الخمس وعدد ركعاتها، فالتقليد فيها غير جائز." **

പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും കഴിവും സാഹചര്യങ്ങളും ഇല്ലാത്തവരായ ഭൂരിഭാഗം സാധാരണക്കാർക്കും ഇസ്‌ലാമിക കര്മശാസ്ത്ര വിധികൾക്കു മദ്ഹബുകളെ തഖ്ലീദ് ചെയ്യുകയല്ലാതെ മറ്റു നിർവാഹമില്ല. പണ്ഡിതരെ ആശ്രയിക്കുന്ന ഈ രീതി സഹാബാക്കളുടെ കാലം തൊട്ടു മുസ്ലിം ലോകം പിന്തുടർന്നിട്ടുണ്ട്. അതിനാകട്ടെ പ്രമാണങ്ങളുടെ പിൻബലവും ഉണ്ട്. വിശുദ്ധ ഖുർആൻ വചനങ്ങൾ കാണുക.

"... നിങ്ങള്‍ക്കറിയില്ലെങ്കില്‍ നേരത്തെ ഉദ്ബോധനം ലഭിച്ചവരോടു ചോദിച്ചറിയുക." (ഖുർആൻ - 16:43)

"...എന്നിലേക്ക് മടങ്ങിയവരുടെ മാര്‍ഗം നീ പിന്തുടരുകയും ചെയ്യുക..." (ഖുർആൻ-31:14)

വിവിധ മദ്ഹബുകളിൽ നിന്ന് സ്വീകരിക്കൽ. (തൽഫീക്).

അബൂബക്കർ (റ) നോടോ ഉമർ(റ) നോടോ ഒരു വിഷയം ചോദിച്ച ഒരാൾക്ക് മറ്റൊരു കാര്യം മുആദ്(റ) നോടോ അബൂ ഹുറൈറ(റ) നോടോ ചോദിക്കാം എന്നതിൽ സഹാബാക്കൾക്കിടയിൽ സമവായം ഉണ്ടായിരുന്നു.

ഉമർ ബിൻ അബ്ദുൽ അസീസ് പറയുകയുണ്ടായി.
പ്രവാചകന്റെ അനുചരന്മാർ ഭിന്നാഭിപ്രായം പ്രകടിപ്പിക്കാതിരിക്കുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നില്ല. അവർക്കെല്ലാം ഒരേ അഭിപ്രായമായിരുന്നുവെങ്കിൽ ജനങ്ങൾക്ക് (തിരെഞ്ഞെടുപ്പ് സാധ്യത ഇല്ലാതെ) പരിമിതപ്പെടുമായിരുന്നു. അനുചരന്മാർ പിന്തുടരപ്പെടേണ്ട നേതാക്കൾ ആണ്. അവരിൽ ആരെ പിന്തുടരുന്നവനും തെറ്റുകാരാനാവില്ല.
XXX ***. مَا أُحِبُّ أَنَّ أَصْحَابَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمْ يَخْتَلِفُوا؛ لأَنَّهُ لَوْ كَانُوا قَوْلا وَاحِدًا كَانَ النَّاسُ فِي ضِيقٍ وَإِنَّهُمْ أَئِمَّةٌ يُقْتَدَى بِهِمْ وَلَوْ أَخَذَ رَجُلٌ بِقَوْلِ أَحَدِهِمْ كَانَ فِي سَعَةٍ ***** XXXX

വാബിസ ബിൻ മ'ബാദ് (റ) പറഞ്ഞു.
ഞാൻ പ്രവാചകൻ(സ) ന്റെ അടുക്കൽ വന്നു. അദ്ദേഹം പറഞ്ഞു. നീ സന്മാർഗം അന്വേഷിച്ചുകൊണ്ടു വന്നിരിക്കുന്നു. ഞാൻ പറഞ്ഞു. "അതെ". അദ്ദേഹം പറഞ്ഞു. നിന്റെ ഹൃദയത്തോട് ഫത്‌വ ചോദിക്കുക. സന്മാർഗം എന്നതു ആത്മാവ് അനായാസം ആക്കുന്നതും ഹൃദയം ശാന്തമാക്കുന്നതും ആണ്. പാപം എന്നത് ആത്മാവ് പതറുന്നതും ഹൃദയം അശാന്തമാക്കുന്നതും ആണ്, ആളുകൾ എന്തൊക്കെ ഫത്‌വ നിനക്ക് നൽകിയാലും.
***. اسْتَفْتِ قَلْبَكَ؛ الْبِرُّ مَا اطْمَأنَّتْ إِلَيْهِ النَّفْسُ وَاطْمَأنَّ إِلَيْهِ الْقَلْبُ، وَالإِثْمُ مَا حَاكَ فِي النَّفْسِ وَتَرَدَّدَ فِي الصَّدْرِ وَإِنْ أَفْتَاكَ النَّاسُ وَأَفْتَوْكَ *****

അനുവദനീയം ആണെങ്കിലും വ്യത്യസ്ത മദ്ഹബുകളിൽ നിന്നും ഫത്‌വ തേടിപ്പോകുന്നതിന്റെ ഉദ്ദേശം സ്വന്തം ഹൃദയത്തെ ബോധ്യപ്പെടുത്തേണ്ടതും ഉണ്ട്.

പുതിയ മദ്ഹബുകളുടെ സാധ്യതകൾ:

നാലിൽ ഒരു മദ്ഹബ് മാത്രമേ സ്വീകാര്യമായതു ഉള്ളൂ എന്ന് പല അഹ്‌സുന്നയുടെ പണ്ഡിതന്മാരും പ്രസ്താവിച്ചിട്ടുണ്ട്. അതിനു ഒരു കാരണം മറ്റു മദ്ഹബുകൾ വിശ്വസനീയമായി കൈമാറിയിട്ടില്ലാത്തതിനാൽ അവയെ ആശ്രയിക്കാൻ പറ്റില്ല എന്നതുകൊണ്ടായിരുന്നു.

***. وقد انعقد إجماع المسلمين اليوم على وجوب متابعة واحد من الأئمة الأربعة : أبي حنيفة ومالك والشافعي وأحمد بن حنبل رضي الله عنهم ، وعدم جواز الخروج عن مذاهبهم ، وإنّما حرم تقليد غير هؤلاء الأربعة من المجتهدين ، مع أنّ الجميع على هدى لعدم حفظ مذاهبهم لموت أصحابهم وعدم تدوينها *****
“...കാരണം അവരുടെ മദ്ഹബുകൾ അനുയായികളുടെ വിയോഗം നിമിത്തം സംരക്ഷിക്കപ്പെടുകയോ, വ്യപസ്ഥാപിതമായി രേഖപ്പെടുത്തപ്പെടുകയോ ചെയ്തിരുന്നില്ല.” (അൽ നഫ്‌റാവി)

ഇസ്ലാമിക ഭരണം നിലനിന്നിടങ്ങളിൽ പുതിയ വ്യക്തിനിയമങ്ങൾ രൂപപ്പെടുന്നത് ഭരണ സംവിധാനത്തെ അലങ്കോലമാക്കും എന്ന് കണ്ട ഭരണാധികാരികളും ഇസ്‌ലാമിക നിയമങ്ങൾ നാല് മദ്ഹബിൽ പരിമിതപ്പെടുത്താൻ നിർദേശിച്ചിരിക്കണം.
സാങ്കേതികമായി, ഇസ്‌ലാമിക പ്രമാണങ്ങളിൽ വേണ്ടത്ര അറിവ് നേടിയ ഒരു പണ്ഡിതന് ഇസ്‌ലാമിൽ മറ്റൊരു മദ്ഹബ് രൂപം കൊടുക്കുന്നതിനു തടസ്സങ്ങൾ ഒന്നുമില്ല. പ്രായോഗിക തലത്തിൽ ഒരേ ഇസ്‌ലാമിക പ്രമാണങ്ങൾ തന്നെ ഉപയോഗിച്ചുകൊണ്ടുള്ള പുതിയ ഇജ്തിഹാദ് , നിലവിലുള്ള നാലിൽ ഒരു മദ്ഹബിന്റെ രൂപം തന്നെ കൈക്കൊള്ളാനാണ് സാധ്യത. ഉദാഹരണമായി മദ്ഹബുകൾക്കു പുറത്തുനിന്നു കൊണ്ട് ഇജ്തിഹാദ് നടത്തുന്ന സലഫീ പണ്ഡിതന്മാരുടെ വിധികൾ ഹമ്പലി മദ്ഹബുമായി ഏറെക്കുറെ മുഴുവനായും ചേർന്നുപോകുന്നത് കാണാം.

പുതിയ മദ്ഹബ് സ്വീകരിക്കുന്നതിൽ അടിസ്ഥാനപരമായ ചോദ്യം, പ്രഗത്ഭരായ പണ്ഡിതന്മാർ കണ്ടെത്തിയതും, അവരെ പിന്തുടർന്ന് അത്രതന്നെ പ്രഗത്ഭരായ നൂറുകണക്കിന് പണ്ഡിതന്മാർ പഠനവിധേയമാക്കിയതും നൂറ്റാണ്ടുകൾ പിന്നിട്ടതുമായ ക്രോഡീകരിക്കപ്പെട്ട കർമശാസ്ത്രവിധികൾ തഖ്ലീദ് ചെയ്യുന്നതിന് പകരം അടുത്തകാലത്ത് പ്രത്യക്ഷപ്പെട്ട ഏതാനും പണ്ഡിതരുടെ കണ്ടെത്തലുകളെ തഖ്ലീദ് ചെയ്യേണ്ടതുണ്ടോ എന്നതാണ്.

മദ്ഹബ് ഇല്ലാത്തവരുടെ യാഥാർഥ്യം:

എനിക്ക് മദ്ഹബുകൾ സ്വീകാര്യമല്ല, ഖുർആനും സഹീഹ് ഹദീസുകളും മാത്രമാണ് എന്റെ ആശ്രയം എന്ന് അവകാശപ്പെടുന്ന സാദാരണ വിശ്വാസികൾ ഉണ്ട്. അവർ സത്യത്തിൽ ഓരോ കർമശാസ്ത്ര വിഷയങ്ങളിലും ഗവേഷണം നടത്തിക്കൊണ്ടു ജീവിക്കുന്നവർ അല്ല. യഥാർത്ഥത്തിൽ അവർ അവരുടെ സംഘടനാ നേതാക്കളെ തഖ്ലീദ് ചെയ്യുക മാത്രമാണ് ചെയ്യുന്നത്.