അണികളിൽ നിന്നും നേതാക്കളിലേക്കു.

സമുദായ ഐക്യം: ഇനി അണികൾ നേതാക്കളെ നേർവഴി നടത്തണം.

എല്ലാ അഭിപ്രായ വൈവിധ്യങ്ങളും (اختلاف) ഉം ഭിന്നതകൾ "خلاف" ആകുന്നില്ല എന്നാണു മുൻഗാമികൾ പഠിപ്പിച്ചത്.

ഐക്യത്തിന്റെ വിഷയത്തിൽ അണികളും നേതാക്കളും രണ്ടുതട്ടിൽ ആണ്.

സ്വന്തം സംഘടനയുടെ, അല്ലെങ്കിൽ സംഘടനാ സ്ഥാപനങ്ങളുടെ താല്പര്യങ്ങളെക്കാളും, മറ്റു സ്വാർത്ഥ താല്പര്യങ്ങളെക്കാളും ഇസ്‌ലാമിക മൂല്യങ്ങൾക്കും ഉമ്മത്തിന്റെ മുഴുവനായുള്ള താല്പര്യങ്ങൾക്കും വില കല്പിക്കുന്ന നേതാക്കൾ എല്ലാ സംഘടനകളിലും ഉണ്ട്. അത്തരം നേതാക്കൾ പക്ഷെ അധികമില്ല.

അതുപോലെ

സംഘടനാ പക്ഷപാതിത്വത്തിൽ അമിതാവേശം കാണിക്കുന്ന, സ്വന്തം നേതാക്കൾ പറയുന്നതിനപ്പുറം വീറും വാശിയും കാണിക്കുന്ന അണികളും പ്രവർത്തകരും എല്ലാ സംഘടനകളിലും ഉണ്ട്. എന്നാൽ മുസ്ലിം സമൂഹത്തെ ഒന്നായെടുത്താൽ ഈ വിഭാഗത്തിൽ പെടുന്നവർ കുറവായിരിക്കും.

ഐക്യത്തിന്റെ വിഷയത്തിൽ സമുദായവും നേതാക്കളും രണ്ടുതട്ടിൽ ആണ്.

ഇന്നത്തെ കടുത്ത വെല്ലുവിളികൾക്കിടയിൽ ജീവിക്കുന്ന, പല സംഘടനയിൽ പെട്ടവരും സംഘടനകളെ കാര്യമായി എടുക്കാത്തവരുമായ ഒരു സാധാരണ മുസ്ലിമിന് നേതാക്കളോട് പറയാനുള്ളത് സമുദായത്തിനകത്തു ഐക്യം നിലനിർത്തണം എന്നും, എല്ലാവരെയും ബാധിക്കുന്ന പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ ഒരുമിച്ചിരിക്കാനും കൂട്ടായ നിലപാടുകളെടുക്കാനും തയാറാവണം എന്നുമാണ്.

പല നേതാക്കൾക്കും മുഖ്യം അവരുടെ സ്ഥാനമാനങ്ങളും, സംഘടനയുടെ ആസ്തികളും സ്ഥാപനങ്ങളുമാണ്. ഇത്രയും വെല്ലുവിളികൾ നേരിടുന്ന വിശ്വാസി സമൂഹത്തിന്റെ സുരക്ഷിതത്വമോ, നിസ്സഹായാവസ്ഥയോ അവരുടെ വിഷയമല്ല. പരസ്പരം ഒരുമിച്ചിരിക്കാനും സലാം ചെല്ലാനും പോലും തയാറാകരുതെന്നു അണികളിൽ വിഷം കുത്തിവെക്കാനാണ് അവരിൽ പലർക്കും താല്പര്യം. ഒരുകൂട്ടർ ആക്രമിക്കപ്പെടുമ്പോൾ അത് കണക്കു തീർക്കാനുള്ള അവസരമായാണ് മറ്റേക്കൂട്ടർ കാണുന്നത്.

വരൂ,

എല്ലാവർക്കും യോജിക്കാവുന്ന നിലപാടുകൾ അംഗീകരിക്കാൻ മുന്നോട്ടുവരൂ. (വിശ്വാസ പ്രഖ്യാപനം.) അനൈക്യത്തിന്റേയും, വെറുപ്പിന്റേയും വാദപ്രതിവാദത്തിന്റെയും ഉന്മാദാവസ്ഥയിൽ നിന്നും പുറത്തുവരൂ.