7-ശാസ്ത്രവും ദൈവവിശ്വാസവും:



ശാസ്ത്രം ആത്യന്തിക സത്യമോ?

ഒരു പഴയ തമാശയുണ്ട്. ഒരു ഗ്രാമീണൻ ആദ്യമായി ബസ്സ് യാത്ര നടത്തി. യാത്ര കഴിഞ്ഞു വന്നപ്പോൾ ആരോ ചോദിച്ചു. "എങ്ങനെയുണ്ടായിരുന്നു ബസ്സ് യാത്ര?" അതിനു അയാൾ പറഞ്ഞ ഉത്തരം ഇങ്ങനെയായിരുന്നു. "ഞാൻ യാത്ര ചെയ്യുക മാത്രമല്ല, അതെങ്ങിനെ ആണ് ഓടുന്നതും എന്ന് മനസിലാക്കി". "എങ്ങിനെയാണ് വാഹനം പ്രവർത്തിക്കുന്നത്?" ചോദ്യകർത്താവ് വീണ്ടും ചോദിച്ചു. ഗ്രാമീണൻ വിശദീകരിച്ചു. "അതായത് ഒരു കയറിൽ പിടിച്ചു രണ്ടു തവണ വലിച്ചാൽ ഒരു ണിം ണിം ശബ്ദത്തോടുകൂടി വാഹനം ഓടും. ആ കയറിൽ ഒരു തവണ വലിച്ചാൽ ഒരു ണിം ശബ്ദത്തോടുകൂടി വാഹനം നില്കും".

ഇതിനു സമാനമാണ് ശാസ്ത്രത്തിന്റെ രീതി. ശാസ്ത്രം ആത്യന്തികമായ സത്യം കണ്ടെത്തുന്നു എന്നത് ഒരു അബദ്ധ വിശ്വാസമാണ്. ശാസ്ത്രം എങ്ങിനെയാണ് പ്രവർത്തിക്കുന്നത് എന്ന് നോക്കാം.

അത് പഠന വിധേയമാക്കാനുള്ള ഒരു പ്രശ്നം കണ്ടെത്തുന്നു. (വാഹനം എങ്ങിനെയാണ് ഓടുന്നത് എന്ന ചോദ്യം പോലെ.) എന്നിട്ടു നിരീക്ഷണങ്ങളും പഠനങ്ങളും നടത്തുന്നു. (നമ്മുടെ ബസ്സ് യാത്രക്കാരൻ കണ്ടക്റ്റർ ബെല്ലടിക്കുന്നതു നിരീക്ഷിച്ചപോലെ). അങ്ങിനെ ഒരു സിദ്ധാന്തം ഉണ്ടാക്കുന്നു. (ഒരു കയറിൽ പിടിച്ചു രണ്ടു തവണ വലിച്ചാൽ ഒരു ണിം ണിം ശബ്ദത്തോടുകൂടി വാഹനം ഓടും. ആ കയറിൽ ഒരു തവണ വലിച്ചാൽ ഒരു ണിം ശബ്ദത്തോടുകൂടി വാഹനം നില്കും). ഇങ്ങനെയുള്ള സിദ്ധാന്തം വീണ്ടും പരീക്ഷിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യുന്നതിലൂടെയുള്ള അറിവാണ് ശാസ്ത്രസത്യം എന്ന് പറയുന്നത്.

നിരീക്ഷണങ്ങളുടെ അപര്യാപ്തത:

Image 1


ഒരാൾ ആയിരമോ പതിനായിരമോ അരയന്നങ്ങളെ നിരീക്ഷിച്ചതിനു ശേഷം "അരയന്നങ്ങൾ വെളുത്തതാണ് " എന്ന സിദ്ധാന്തം സ്ഥാപിച്ചു എന്ന് വെക്കുക. എന്നാൽ പിന്നീട് എപ്പോളോ എവിടെയോ ഒരു കറുത്ത അരയന്നത്തെ കണ്ടെത്തിയെന്ന് ഇരിക്കട്ടെ. അതോടുകൂടി ആ സിദ്ധാന്തം തെറ്റാവുകയാണ്. അതായത് നിരീക്ഷണങ്ങൾ ഒരിക്കലും പൂർണമാകുന്നില്ല. ഭാവിയിൽ ഒരു പുതിയ നിരീക്ഷണം ഉണ്ടാവാനും സിദ്ധാന്തം തെറ്റാനും എപ്പോളും സാധ്യത ഉണ്ട്.

ശാസ്ത്രം പ്രവർത്തിക്കുന്നുണ്ട്:

Image 1


ശാസ്ത്രീയമായ അറിവുകൾ വെച്ചുകൊണ്ട് നാം രോഗങ്ങൾ ചികില്സിക്കുന്നു, വിമാനം പറപ്പിക്കുന്നു, കംപ്യുട്ടറുകൾ പ്രവർത്തിക്കുന്നു. അതുകൊണ്ടു മാത്രം ശാസ്ത്ര സത്യങ്ങൾ പരമമായ പ്രപഞ്ച സത്യങ്ങൾ ആവുന്നില്ല. തെറ്റായ സിദ്ധാന്തങ്ങളിലൂടെ കണ്ടെത്തിയതും പിന്നീട് തിരുത്തിയതുമായ ശാസ്ത്ര സത്യങ്ങളും പ്രവർത്തിച്ചിരുന്നു.
ഉദാഹരണമായി 17 ആം നൂറ്റാണ്ടിൽ അംഗീകരിക്കപ്പെട്ട ഫ്‌ലോഗിസ്റ്റണ് തിയറി അടിസ്ഥാനമാക്കിയാണ് നൈട്രജൻ വാതകം കണ്ടുപിടിച്ചത്. എന്നാൽ പിന്നീട് ഫ്‌ലോഗിസ്റ്റൻ എന്ന ഒന്നില്ലെന്നു സ്ഥാപിക്കപ്പെട്ടു.
അതുപോലെ പരസ്പര വിരുദ്ധമായ ന്യുട്ടോണിയൻ സിദ്ധാന്തവും അയിൻസ്റ്റിന്റെ സിദ്ധാന്തങ്ങളും രണ്ടും പ്രവർത്തിക്കുന്നവയാണ്.

ശാസ്ത്രവും ദൈവവും:



ശാസ്ത്രം അന്വേഷണങ്ങൾ ആരംഭിക്കുന്നത് തന്നെ ഭൗതികമായ കാര്യകാരണ ബന്ധം കൂടാതെ ഒന്നും നടക്കുന്നില്ല എന്ന നിഗമനത്തിൽ നിന്നുകൊണ്ടാണ്. അഭൗതീകമായ ഒന്നും ശാസ്ത്രം പരിഗണിക്കുന്നില്ല. ഏതു പ്രതിഭാസത്തിനും പിന്നിലുള്ള കാര്യകാരണ ബന്ധങ്ങളുടെ അന്വേഷണങ്ങൾ ആണ് ശാസ്ത പഠനം.

ശാസ്ത്ര പഠനങ്ങളുടെ ആവശ്യങ്ങൾക്കായി മാത്രം പ്രപഞ്ചം, കാര്യകാരണങ്ങളുടെ മാത്രം നിലനിൽക്കുന്നു എന്ന് അംഗീകരിക്കുന്നതിനെയാണ് ശാസ്ത്രീയ പ്രകൃതിവാദം (Methodological naturalism) എന്ന് പറയുന്നത്. ഈ അടിസ്ഥാനത്തിൽ ശാസ്ത്രീയ അറിവുകളെ തേടുന്നതും അംഗീകരിക്കുന്നതും ദൈവവിശ്വാസവുമായി ഏറ്റുമുട്ടുന്നില്ല. എന്നാൽ ഒരു ദൈവ വിശ്വാസി ഒരിക്കലും ഭൗതിക ലോകം മാത്രമേ ഉള്ളൂ എന്ന നിലപാടുള്ള ദാർശനിക പ്രകൃതിവാദം (Philosophical naturalism) അംഗീകരിക്കുന്നില്ല.

പ്രപഞ്ചം ഒരു അയദാർത്ഥമായ കമ്പ്യൂട്ടർ പ്രോഗ്രാം ആണെന്നത് ശാസ്ത്രീയ നിലപാടാണ്. എണ്ണമറ്റ പ്രപഞ്ചങ്ങളിൽ ഒന്നിൽ ഇവിടെയുള്ള മനുഷ്യർ ഒരേസമയം മറ്റൊന്ന് ചെയ്തുകൊണ്ടിരിക്കുന്നു എന്നത് ശാസ്ത്രീയ നിലപാടാണ്. പ്രപഞ്ചം എന്നത് ഒരു മനസ്സാണ് എന്നത് ശാസ്ത്രീയ നിലപാടാണ്. വളരെ വികസിച്ച അന്യഗ്രഹ ജീവികളുടെ സൃഷ്ടിയാണ് ഈ പ്രപഞ്ചം എന്നത് ശാസ്ത്രീയ നിലപാടാണ്. എന്നാൽ മൂസാ നബി(അ) കടൽ പിളർത്തി എന്ന് കരുതുന്നത് ശാസ്ത്ര വിരുദ്ധമായ പ്രസ്താവന ആണ്.

Image 1
ചുവന്ന ആപ്പിളുകൾ മുഴുവൻ എടുത്തുമാറ്റി ശേഖരിച്ച ആപ്പിളുകൾ കാണിച്ചുകൊണ്ട് ചുവന്ന ആപ്പിളുകൾ എന്ന ഒന്നില്ല എന്ന് പ്രഖ്യാപിക്കുന്നതു പോലെയാണ് ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ ചൂണ്ടിക്കാട്ടി ദൈവം ഇല്ലെന്നു പറയുന്നത്. കാര്യകാരണ ബന്ധങ്ങൾക്ക്‌ അതീതമായ അത്ഭുതങ്ങൾ ഒന്നും തന്നെ അംഗീകരിക്കാൻ ശാസ്ത്രത്തിനു കഴിയില്ല. അവയെ ഭൗതികമായി വ്യാഖ്യാനിക്കുന്നതിനെയാണ് ശാസ്ത്രം എന്ന് പറയുന്നത്.