അഖീദ ഒരു ലഘുപരിചയം
അഖീദ ചർച്ചകളുടെ ആരംഭം:
പ്രവാചക(സ) കാലഘട്ടം മുതൽ ഇങ്ങോട്ടു എല്ലാ കാലഘട്ടങ്ങളിലും, സാധാരണ വിശ്വാസികൾക്കു അഖീദ എന്ന് പറയുന്നത് ആറു ഈമാൻ കാര്യങ്ങളിൽ ഉൾപ്പെടുന്നു. അവർ ഈ വിശ്വാസങ്ങൾ ഏറ്റുപറയുകയും ഖുർആനും സുന്നത്തും അനുസരിച്ചു ജീവിച്ചുപോരുകയും ചെയ്തു.
1) അല്ലാഹുവിൽ വിശ്വസിക്കുക,
2) അവന്റെ മലക്കുകളിൽ വിശ്വസിക്കുക,
3) അവന്റെ കിതാബുകളിൽ വിശ്വസിക്കുക,
4) അവന്റെ പ്രവാചകന്മാരിൽ വിശ്വസിക്കുക,
5) വിധി നാളിൽ വിശ്വസിക്കുക,
6) അല്ലാഹുവിന്റെ വിധിയിൽ (ഖദ്ർ) വിശ്വസിക്കുക.
ഹിജ്‌റ 120 കളിൽ ജീവിച്ച ജഅദ് ബിൻ ദിർഹം, അദ്ദേഹത്തിന്റെ ശിഷ്യൻ ജഹം ബിൻ സഫ്‌വാൻ എന്നിവരാണ് ഇസ്‌ലാമിക ചരിത്രത്തിൽ ആദ്യമായി അല്ലാഹുവിന്റെ സിഫാത്തുകൾ (ഗുണവിശേഷങ്ങൾ) തത്വജ്ഞാന പരമായ ചർച്ചകൾക്ക് വിധേയമാക്കിയത്.
ഗ്രീക്ക് തത്വചിന്തകളുടെ സങ്കേതങ്ങൾ ഉപയോഗിച്ച് ക്രിസ്തീയ ദൈവശാസ്ത്രം ചർച്ച ചെയ്തിരുന്ന ഓർത്തോഡോക്സ് ക്രിസ്ത്യാനികളുമായുള്ള സമ്പർക്കമാണ് ദൈവസങ്കല്പങ്ങൾക്കു എതിരെയുള്ള തത്വശാസ്ത്ര തടസ്സവാദങ്ങൾ ഇസ്‌ലാമികമായി നേരിടാൻ അവരെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.
ജഹം ബിൻ സഫ്‌വാൻ തുടക്കമിട്ട വിശ്വാസങ്ങൾ ജഹ്‌മിയ എന്ന പേരിലാണ് അറിയപ്പെടുന്നത്. എതിരാളികളുടേയും വിമർശകരുടെയും എഴുത്തുകളിലൂടെ ആണ് ജഹ് മിയാക്കളെക്കുറിച്ചുള്ള നമ്മുടെ അറിവുകൾ.
അല്ലാഹു ഏകനും അനാശ്രയനും ആയതു കൊണ്ട് അല്ലാഹുവിനു വിഭജിക്കാവുന്ന ശരീര ഭാഗങ്ങളുടെയോ, വ്യത്യസ്ത ഗുണ വിശേഷണങ്ങളുടെയോ, സ്ഥലത്തിന്റെയോ, ദിശയുടെയോ, സമയത്തിന്റെയോ ആശ്രയം ഇല്ല എന്നതാണ് അവർ വാദിച്ചത്. (Divine simplicity).
ഇത് അവരെ അല്ലാഹുവിന്റെ സിഫാത്തുകളെ (വിശുദ്ധ ഗുണ വിശേഷണങ്ങൾ) നിഷേധിക്കുന്ന നിലപാടിൽ എത്തിച്ചു. സ്വർഗ്ഗ നരകങ്ങൾ ഒടുവിൽ നശിച്ചൊടുങ്ങും എന്നവർ വിശ്വസിച്ചു. അവർ കടുത്ത വിധിവിശ്വാസികളും ആയിരുന്നു. മനുഷ്യന്റെ എല്ലാ പ്രവർത്തികളും അല്ലാഹുവിന്റെ സൃഷ്ടി ആണെന്നും, മനുഷ്യന് സ്വതന്ത്ര ഇച്ഛാശക്തി ഇല്ലെന്നും അവർ വിശ്വസിച്ചു.
ജഹ്‌മികളുടേതു പോലെ തത്വജ്ഞാനപരമല്ലെങ്കിലും, ഇസ്ലാമിക പ്രമാണങ്ങൾ മുൻനിർത്തിയുള്ള ദൈവശാസ്ത്ര തർക്കങ്ങൾ ഒന്നാം നൂറ്റാണ്ടിൽ തന്നെ രൂപപ്പെട്ടിരുന്നു. ജീവിതം എല്ലാം നിശ്ചയിക്കപ്പെട്ടു കഴിഞ്ഞ വിധിയാണോ, അതോ മനുഷ്യന് തിരഞ്ഞെടുപ്പിനുള്ള ഇച്ഛാസ്വാതന്ത്ര്യം ഉണ്ടോ എന്നതിൽ തർക്കമുണ്ടായി. വിധി വിശ്വാസം സ്വീകരിച്ചർ ജബ്രിയാക്കൾ എന്നും ഇച്ഛാസ്വാതന്ത്ര്യം അവകാശപ്പെട്ടവർ ഖദരിയാക്കൾ എന്നും അറിയപ്പെട്ടു.
മോക്ഷം പ്രവർത്തിയിലൂടെയോ, വിശ്വാസത്താലോ എന്ന തർക്കം ഉണ്ടായി. ഖാരിജികൾ പാപം ചെയ്യുന്നവർ ഇസ്‌ലാമിൽ നിന്നും പുറത്തുപോകും എന്ന് വാദിച്ചു, വിശ്വാസം നഷ്ടപ്പെടുന്നത് അല്ലാഹുമാത്രം തീരുമാനിക്കുന്ന കാര്യമാണെന്ന് പറഞ്ഞവർക്കു മുർജിയകൾ എന്ന പേരു വന്നു.
പ്രവാചക കാലത്തു ആരും ചിന്തിക്കാതിരുന്ന തർക്കവിഷയങ്ങളിൽ ഇടപെടേണ്ടതില്ലെന്ന നിലപാടുള്ള, ഹദീസിലും അതിന്റെ ക്രോഡീകരണങ്ങളിലും നിവേദനങ്ങളിലും മാത്രം ഏർപ്പെട്ട, അക്ഷരവായന സ്വീകരിച്ച ഒരു വിഭാഗവും ഇതോടുകൂടി രൂപപ്പെടുന്നുണ്ടായിരുന്നു.
വ്യവസ്ഥാപിതമായ നിലപാടുകളുള്ള മു'തസിലി, അഹ്ലുഹദീസ് വിഭാഗങ്ങളും അവർക്കിടയിൽ മധ്യനിലപാടുള്ള അശ് അരി/ മാഥുരീതി വിഭാഗങ്ങളും രൂപപ്പെടുകയായിരുന്നു.
മു'തസിലകൾ
പാപകർമങ്ങൾ കാരണം ദീനിൽ നിന്നും പുറത്തുപോകും എന്ന ഖാരിജി നിലപാടിൽ നിന്നാണ് മു'തസിലകളുടെ യഥാർത്ഥ തുടക്കം. ഹസ്സൻ ബസരി (റ) യുടെ സദസ്സിൽ ഈ ചോദ്യം ഉന്നയിക്കപ്പെട്ടപ്പോൾ വാസിൽ ഇബ്ൻ അത്ത (H-130) അത്തരക്കാർ ഇമാനിനും കുഫ്‌റിനും ഇടയിലാണെന്നു പറഞ്ഞുകൊണ്ട് മു'തസില ചിന്തകൾക്ക് തുടക്കം കുറിച്ചു എന്നാണു ചരിത്രം. അവർ ഖവാരിജുകൾക്കും മുർജിയ കൾക്കും ഇടയിലെ നിലപാട് സ്വീകരിച്ചു. സ്വയം അഹ്ലുൽ തൗഹീദ് വൽ അദിൽ എന്നും മു'തസിലകൾ എന്നും വിളിച്ചു.സിഫാത്തുകൾ:
അവർ അല്ലാഹുവിന്റെ സിഫാത്തുകൾ നിഷേധിക്കുകയായിരുന്നില്ല. എന്നും നിലനില്കുന്നവൻ അല്ലാഹു മാത്രമാണ്. അനാദിയായി അല്ലാഹുവോടൊപ്പം അവന്റെ സിഫാത്തുകളും ഉണ്ടായിരിക്കുക എന്നത് അല്ലാഹുവിന്റെ ഏകത്വത്തിനു എതിരാണ് എന്നതായിരുന്നു അവരുടെ നിലപാട്. സിഫാത്തുകൾ എന്നത് അല്ലാഹുവിന്റെ സത്തയുടെ ഭാഗമായി അവർ മനസിലാക്കി. ഉദാഹരണമായി, അറിവ് അല്ലാഹുവിന്റെ സിഫാത് അല്ല, മറിച്ചു അറിയുക എന്നത് അല്ലാഹുവിന്റെ സത്തയിൽ ഉൾപ്പെട്ട കഴിവാണെന്നു അവർ വാദിച്ചു. ഖുർആൻ സൃഷ്ടിയാണ് എന്ന അവരുടെ നിലപാട് മുസ്ലിം ലോകത്തു കോളിളക്കങ്ങൾ സൃഷ്ടിച്ചു.
മനുഷ്യയുക്തിയുടെ സ്ഥാനം:
അല്ലാഹുവിനെ യുക്തിയുടെ അടിസ്ഥാനത്തിൽ അറിയാൻ സാധിക്കും/ സാധിക്കണം. എന്നാൽ മനുഷ്യബുദ്ധി ക്കു എല്ലാം അറിയാനുള്ള കഴിവില്ല. ദിവ്യവെളിപാട് ആവശ്യ മാണ്.
ഖുർആൻ മനുഷ്യബുദ്ധിയുമായി എതിരാവുമ്പോൾ, ആയത്തുകൾ ആലങ്കാരികമായി മനസിലാക്കണം.
യുക്തിയിലൂടെ നന്മയും തിന്മയും തിരിച്ചറിയാൻ സാധിക്കും.
അല്ലാഹുവിനെ ഈ ലോകത്തും പരലോകത്തു കണ്ണുകൊണ്ടു കാണാൻ സാധിക്കില്ല.
അല്ലാഹുവിനും നിയന്ത്രണങ്ങൾ:
അല്ലാഹുവിനു നന്മയും നീതിയും പ്രവർത്തിക്കേണ്ടത് നിർബന്ധമാണെന്ന് അവർ വാദിച്ചു.
ചിന്താ സ്വാതന്ത്ര്യം:
മനുഷ്യൻ വിധിയുടെ കളിപ്പാട്ടം ആവുന്നത് നീതിയുള്ള ദൈവത്തിനു ചേർന്നതല്ല. മനുഷ്യന് ചിന്താ സ്വാതന്ത്ര്യം ഉണ്ട്.
പ്രകൃതി നിയമങ്ങൾ:
പ്രകൃതി നിയമങ്ങൾ അല്ലാഹുവിൽ നിന്നുള്ളതാണു. മനുഷ്യന് പ്രകൃതി നിയമങ്ങളെ മറികടക്കാൻ കഴിയില്ല . പ്രകൃതി നിയമങ്ങൾക്കനുസരിച്ചാണ് ഭൂമിയിലെ നമ്മുടെ ജീവിതം ചലിക്കുന്നത്. പ്രകൃതി നിയമങ്ങനെ അനുസരിക്കാത്ത അത്ഭുത പ്രവർത്തികൾ അവർ പ്രവാചകന്മാരിൽ മാത്രമായി പരിമിതപ്പെടുത്തി.
മു'തസിലകളുടെ അഞ്ചു അടിസ്ഥാന പ്രമാണങ്ങൾ:
തൗഹീദ് - നീതി- അല്ലാഹുവിന്റെ വാഗ്ദാനങ്ങളും ശിക്ഷകളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും - പാപം ചെയ്യുന്ന മുസ്ലിംകൾ ഇമാനിനും കുഫ്‌റിനും ഇടയിൽ- നന്മ ഉപദേശിക്കുക, തിന്മ തടയുക.
ജഹ്‌മികൾ തുടക്കം കുറിച്ച തത്വചിന്തകളിൽ അടിസ്ഥിതമായ മു'തസിലി അഖീദ ഹിജ്‌റ രണ്ടാം നൂറ്റാണ്ടു മുതൽ അഞ്ചാം നൂറ്റാണ്ടു വരെ പ്രധാനപ്പെട്ട ഒരു അഖീദ സരണിയായി മുസ്ലിം ലോകത്തു നിലനിന്നു. അശ് അരികൾ കലാം ഉപയോഗിച്ച് തന്നെ അവർക്കെതിരെ മറുവാദങ്ങൾ ഉന്നയിച്ചു. അഹ്‌ലുൽ ഹദീസിന്റെ ആളുകൾ അഹ്മദ് ബിൻ ഹമ്പൽ(റ) ന്റെ നേതൃത്വത്തിൽ മു'തസിലകൾക്ക് എതിരായ നിലപാടെടുത്തു. അങ്ങിനെ അവർ ക്ഷയിക്കാൻ തുടങ്ങി.
ഇന്നത്തെ ശിയാക്കൾ, സൈദികൾ, ഇബാദികൾ എന്നിവർ മു'തസില അഖീദ പിന്പറ്റുന്നവർ ആണ്. പുതിയ മോഡേർണിസ്റ്റ് മുസ്ലിംകളിൽ മു'തസില ആശയങ്ങൾ ഉൾക്കൊള്ളുന്നുണ്ട്.
“മുത്താസിലികളുടെ പിഴവുകൾ വലിച്ചുനീട്ടിയതാണ്.” (ഷെയ്ഖ് യാസിർ ഖാദി)
അഥരി അഖീദ:
ഇമാം അഹ്മദ് ബിൻ ഹമ്പലിന്റെ പേരിൽ ഈ അഖീദ അറിയപ്പെടാറുണ്ടെങ്കിലും, ഹമ്പലി കർമശാസ്ത്ര മദ്ഹബ് പിന്തുടർന്ന എല്ലാവരും അഥരികൾ ആയിരുന്നില്ല. അഥരി അഖീദയും പിന്നീട് രൂപംകൊണ്ട സലഫി/വഹാബി അഖീദയും തമ്മിൽ പ്രകടമായ വ്യത്യാസങ്ങൾ ഉണ്ട്. അഥരി അഖീദ അഹ്‌ലുസുന്ന അംഗീകരിച്ച മൂന്നു അഖീദകളിൽ ഒന്നായാണ് പരിഗണിക്കപ്പെടുന്നത്.
സാധാരണ വിശ്വാസികളുടെ അഖീദയായി അഥരി അഖീദ ഇസ്‌ലാമിന്റെ തുടക്കം മുതൽ നിലകൊണ്ടു. കലാം അടിസ്ഥാനപ്പെടുത്തിയുള്ള വിശകലനങ്ങൾ സാധാരണക്കാർക്ക് അപ്രാപ്യമായതുകൊണ്ടും, അത്തരം ചർച്ചകൾ പൊതുജനങ്ങളിലേക്കു എത്തിക്കാൻ കലാമിന്റെ വാക്താക്കൾ ശ്രമിക്കാതിരുന്നതുകൊണ്ടും കൂടിയായിരുന്നു ഇത്.
സുബൈർ ഇബ്ൻ അൽ അവ്വാം (റ) യാണ് അഹ്‌ലുൽ ഹദീസ് മുന്നേറ്റത്തിന് പ്രചോദനം എന്ന് പറയപ്പെടുന്നു. അബ്ദുല്ല ഇബ്ൻ ഉമർ(റ) ഉം ഖിയാസും യുക്തിപരമായ ന്യായവാദങ്ങളും (അഹ്ലുൽ റായ്) അംഗീകരിച്ചിരുന്നില്ല. ഈ സരണിയുടെ ഇമാമും സ്വീകാര്യമായ അഭിപ്രായങ്ങളുടെ സ്രോതസ്സും ഇമാം അഹ്മദ് (റ)(H:241) ആണ്.
ഇമാം അഹ്മദിന്റെ കാലത്തു, അശ്അരി അഖീദ രൂപപ്പെട്ടിട്ടുണ്ടായിരുന്നില്ല. അദ്ദേഹം നേരിട്ട കലാമിന്റെ ആളുകൾ മു'തസിലകൾ മാത്രമായിരുന്നു. അഹ്‌ലുസുന്നയുടെ ഭാഗത്തുനിന്നുകൊണ്ടു ആദ്യമായി കലാം ഉപയോഗപ്പെടുത്തിയ ഇബ്ൻ കുല്ലാബ്(H:240) ജീവിച്ചിരുന്ന കാലഘട്ടം കൂടിയായിരുന്നു അത്.
ഇമാം അഹ്മദ് അഖീദ സ്ഥാപിക്കാൻ കലാം ഉപയോഗപ്പെടുത്തുന്നതിനെ അനുകൂലിച്ചിരുന്നില്ല. എന്നാൽ അഖീദയെ പ്രധിരോധിക്കുവാനും, അത് സംബന്ധമായ ചോദ്യങ്ങൾക്കു ഉത്തരങ്ങൾ കണ്ടെത്തുന്നതിനും കലാം ഉപയോഗിക്കുന്നതിനെ അനുവദിക്കുകയും ചെയ്തു. (ഇബ്ൻ മുഫ്‌ലിഹ് )
"നമ്മുടെ പണ്ഡിതന്മാർ കലാമിന്റെ കാര്യത്തിൽ ഭിന്നിച്ചിട്ടുണ്ട്. ആദ്യകാല പണ്ഡിതന്മാർ അത് വിലക്കി. എന്നാൽ
പിൻകാല പണ്ഡിതന്മാർ- ഇബ്ൻ ഹാമിദ്, അബൂ യ'ല, തമീമി എന്നിവർ അത് അനുവദിച്ചു." (ഇബ്ൻ ഉൽ മിബ്രാദ് അൽ ഹമ്പലി - തുഹ്ഫ അൽ വുസൂൽ)
അഥരികൾ അല്ലാഹുവിന്റെ സിഫാത്തുകൾ യാഥാർഥ്യമാണെന്നും അവയെല്ലാം അനാദിയായി അല്ലാഹുവോടൊപ്പം നിലനിൽക്കുന്നവ ആണെന്നും വിശ്വസിക്കുന്നു. ഖുർആനിലും ഹദീസുകളിലും അത് സംബന്ധമായി വന്നതെല്ലാം അവർ അതേപടി അംഗീകരിക്കുന്നു. അവയെ യുക്തിപരമായി അപഗ്രഥിക്കാനോ, അതിന്റെ അർഥം വിശദീകരിക്കാനോ അവർ തയാറല്ല. അതിന്റെ ശരിയായ വിവക്ഷ അല്ലാഹുവിനു മാത്രമേ അറിയൂ എന്ന തഫ്‌വീദ് ന്റെ നിലപാടാണ് അവർ സ്വീകരിച്ചിട്ടുള്ളത്.
ഇമാം അഹ്മദ്(റ) പറഞ്ഞു. “സിഫാത്തിനെ കുറിച്ചുള്ള ഹദീസുകൾ എങ്ങനെയെന്നോ, അതിന്റെ അർഥം എന്തെന്നോ ഇല്ലാതെ നാം വിശ്വസിക്കുകയും ഉറപ്പിക്കുകയും ചെയ്യുന്നു.” (ഇബ്ൻ ഖുദാമ - ദം അൽ ത'വീൽ)
അല്ലാഹുവിനു ദിശ കല്പിക്കുന്നത് കുഫ്‌റാണെന്നു അഥരികൾ വിശ്വസിക്കുന്നു.
സിഫാത്തിന്റെ വിഷയങ്ങളിൽ അഥരികൾ തർക്കത്തിൽ ഏർപ്പെടുകയോ വിശദീകരിക്കുകയോ ചെയ്യില്ല.
ഈമാൻ എന്നത് ഹൃദയത്തിലെ വിശ്വാസവും കർമങ്ങളും ചേർന്നതാണ്. ഒരാളുടെ ഈമാൻ കൂടുകയും കുറയുകയും ചെയ്യും എന്നതാണ് അഥരി നിലപാട്.
അതിരുവിട്ട അക്ഷരവായനയിലൂടെ ജഡവാദം ഉന്നയിക്കുന്നവരും, സിഫാത്തുകൾ വിശദീകരിച്ചു അഥരി അഖീദ അംഗീകരിക്കാത്ത ത'അവീൽ ൽ എത്തിച്ചേർന്നവരും ഈ അഖീദ പിൻപറ്റുന്നവരിൽ കാണാൻ കഴിയും.
അശ് അരി അഖീദ :
അഥരി അഖീദ പാരമ്പര്യ വിശ്വാസി സമൂഹത്തിനു സ്വീകാര്യവും, വിശ്വാസ ഭദ്രതക്ക് ഉതകുന്നതും ആയിരുന്നു. എന്നാൽ യുക്തിപരമായ വിമർശനങ്ങൾ നേരിടുന്ന പണ്ഡിത സമൂഹത്തിനും സ്വതന്ത്ര ചിന്തകളുടെ വെല്ലുവിളി നേരിടുന്ന സത്യാന്വേഷികൾക്കും അത് മതിയാകുമായിരുന്നില്ല.
മു’തസിലികളുടെ വ്യതിയാനങ്ങൾ തിരുത്താൻ അവരുമായുള്ള ആശയ വിനിമയത്തിൽ ഫിലോസോഫിയുടെ സങ്കേതങ്ങൾ തന്നെ ഉപയോഗിക്കേണ്ടിയിരുന്നു. അഹ്‌ലുസുന്നയിൽ നിന്നുള്ള കലാമിന്റെ പണ്ഡിതന്മാർ ആ ഉത്തരവാദിത്തങ്ങൾ നിറവേറ്റിയത് വ്യവസ്ഥാപിതമായി അശ് അരി അഖീദ രൂപപ്പെടുത്തിക്കൊണ്ടാണ്. ഇബ്ൻ കുലാബിൽ നിന്നും തുടങ്ങി ഇമാം അശ്അരി യിലൂടെ തുടർന്നുവന്ന പണ്ഡിതന്മാരുടെ ശൃംഖല ആ ഉത്തരവാദിത്തം നിറവേറ്റി.
പ്രധാനപ്പെട്ട ചില അശ് അരി ആശയങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം.
a) 'ലാ ഇലാഹ ഇല്ലല്ലാഹു' എന്നത് ഓരോ മുസ്ലിമിനും ബോധ്യപ്പെട്ടിരിക്കണം. യുക്തി ചിന്തകളാലും , സംശയങ്ങളാലും അതിനു വെല്ലുവിളി നേരിടുന്നവർക്ക് അശ് അരി കലാം അത് വിശദീകരിക്കുന്നുണ്ട്. (Kalam Cosmological Arguments ലൂടെ)
b) പ്രമാണങ്ങളിൽ വന്ന അല്ലാഹുവിന്റെ സിഫാത്തുകളിൽ വിശ്വസിക്കേണ്ടത് ഓരോ മുസ്ലിമിന്റെയും ബാധ്യത ആണ്. ഖുർആനിലും സുന്നത്തിലും പരാമർശിച്ച സിഫാത്തുകൾ ഭാഷാർത്ഥത്തിൽ വായിക്കുമ്പോൾ സൃഷ്ടികളുമായി സാദൃശ്യം ഉണ്ടാക്കുന്നുവെങ്കിൽ, ഒന്നുകിൽ അതുകൊണ്ടു അല്ലാഹു ഉദ്ദേശിച്ചത് എന്തെന്ന അന്വേഷണം പൂർണമായും ഉപേക്ഷിക്കുക, അല്ലെങ്കിൽ പദങ്ങളുടെ പാശ്ചാത്തലത്തിനും അല്ലാഹുവിന്റെ മഹത്വത്തിനും ചേർന്നവിധം അതിനു പണ്ഡിതോചിതമായ, ആലങ്കാരികമായ അർത്ഥ സാധ്യതകൾ കണ്ടെത്തുക.
c) മനുഷ്യന് ചിന്താ/പ്രവർത്തന സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ അല്ലാഹുവാണ് അവൻ തീരുമാനിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ നിമിഷവും സൃഷ്ടിക്കുന്നതും പരിപാലിക്കുന്നതും.
d) ഈമാൻ എന്നത് ഹൃദയത്തിന്റെ ബോദ്ധ്യമാണ്. ബോദ്ധ്യം ഉണ്ടാവും അല്ലെങ്കിൽ ബോദ്ധ്യം ഉണ്ടാവില്ല. അതിന്റെ പ്രതിഫലനമാണ് കർമങ്ങൾ.
ഇബ്നു തൈമീയ - നവ സലഫി അഖീദ.
അതിസങ്കീർണ്ണമായ തത്വശാസ്ത്ര വിജ്ഞാനങ്ങളുടേയും പാണ്ഡിത്യത്തിന്റേയും ഉടമയായിരുന്നു ഇബ്ൻ തയ്മീയ.
ഖുർആനോ സുന്നത്തോ അല്ലാഹുവിന്റെ രൂപം വിവരിക്കുന്ന ഒരു അദ്ധ്യായം ഇറക്കിയിട്ടില്ല. അല്ലഹുവിനു രണ്ടു കൈകൾ ഉണ്ട്, രണ്ടു കണ്ണുകൾ ഉണ്ട്, മുഖം ഉണ്ട്, അല്ലാഹു അർശിൽ ഇരിക്കുന്നു എന്നിങ്ങനെ തുടർച്ചയായി വിവരിച്ചുകൊണ്ട് വിശ്വാസികളുടെ മനസ്സിൽ തികഞ്ഞ ജഡവാദം സ്ഥാപിക്കുന്നവരിൽ അദ്ദേഹത്തിന്റെ തത്വശാസ്ത്രത്തിന്റെ സ്വാധീനമുണ്ട്.
അശ്അരികളെ എതിർക്കാനായി ഹമ്പലി മദ്ഹബ് വളരെയേറെ എതിർത്ത "ഫിലോസഫി" ഉപയോഗിച്ചതാണ് ഹംബലികൾക്കിടയിൽ ഇബ്നു തയ്മീയ എതിർപ്പ് നേരിടാൻ ഒരു കാരണം.
പാശ്ചാതതത്വശാസ്ത്രത്തിൽ Conceptualism എന്ന് അറിയപ്പെടുന്ന ഒരു നിലപാടാണ് അല്ലാഹുവിനു കൈ ഉണ്ട്, അർശിൽ ഇരിക്കുന്നു എന്നെല്ലാം സ്ഥാപിക്കാൻ ഇബ്ൻ തയ്മീയ ഉപയോഗിച്ചത്.
വാക്കുകളുടെ അർഥം നമ്മുടെ സങ്കല്പം മാത്രമാണെന്നും വാക്കുകൾക്കു പ്രാഥമികം/ആലങ്കാരികം (ഹഖീഖി/ മജാസി) എന്നിങ്ങനെ അർത്ഥവ്യത്യാസങ്ങൾ ഒന്നും ഇല്ലെന്നും ആണ് അദ്ദേഹം വിശദീകരിച്ചത്.
അങ്ങിനെ (അല്ലാഹുവിന്റെ) കൈ എന്ന് പറഞ്ഞാൽ, കൈ എന്ന് തന്നെയാണ് അർത്ഥമെന്നും എന്നാൽ കൈ യുടെ അർഥം മറ്റെന്തും ആകാമെന്നും ആണ് വിശദീകരണം.
ഇത് മുൻഗാമികൾപറഞ്ഞ സിഫാത്തുകളുടെ അർത്ഥവും/ രീതിയും വിശദീകരിക്കുന്നതിൽ നിന്നും വിട്ടുനിൽകുക (തഫ്‌വീദ്) എന്ന നിലപാടിനു എതിരായിരുന്നു.
നരകശിക്ഷ അവസാനിപ്പിച്ചുകൊണ്ട് നരകം നശിച്ചില്ലാതാകും എന്ന ഇബ്ൻ തയ്മീയ നിലപാടും അഹ്‌ലുസുന്ന പണ്ഡിതന്മാർ എതിർത്തു.
ഇബ്ൻ തയ്മീയയും ഹംബലികളും തമ്മിലുള്ള വ്യത്യാസങ്ങളെ വിവരിച്ചുകൊണ്ട് പ്രമാണങ്ങളുടെ അക്ഷര വായന സ്വീകരിച്ച ഹംബലികളാൽ പുസ്തകങ്ങൾ രചിക്കപ്പെട്ടു.
സലഫികൾ, മദ്ഹബുകൾ ഭിന്നത ഉണ്ടാക്കുന്നു എന്ന് ആരോപിക്കാറുണ്ടെങ്കിലും, ഇബ്ൻ തയ്മീയയുടെ നിലപാടുകൾ സമൂഹത്തിൽ ഫിത്നയുണ്ടാക്കും എന്ന് വിധിയെഴുതിയവരിൽ നാല് മദ്ഹബിന്റെ ഖാദിമാരും ഉണ്ടായിരുന്നു.